Sunday, February 27, 2011

യാമിനി

അസ്തമാനാഗ്നിയില്‍
ചിത ഒരുങ്ങി പകലിനു
ഭൂമി മാതാവിന്‍ ശോകം
ഏറ്റു വാങ്ങുവാനായി
മന്ദം മന്ദം ചാരത്തണയുമീ
യാമിനിയെ കണ്ടുവോ നിങ്ങള്‍ ?
കറുപ്പിന് എഴഴകെന്നു
ചൊല്ലിയതിവളെ കുറിച്ചോ?
വെണ്ണിലാവിന്‍‍ വെള്ളിക്കസവ്
തുന്നിയ നനുത്ത കറുത്ത പട്ടു ചേല
അഴിഞ്ഞ കാര്‍കൂന്തലില്‍
വാരിവിതറിയ നക്ഷത്രപ്പൂക്കള്‍
പാരിജാത പൂക്കള്‍തന്‍
സ്നിഗ്ധ ഗന്ധം
നിറയും പൂവുടല്‍
തന്റെ കറുത്ത ചേലയാല്‍
അമ്മയെ വാരിപ്പുണരുമെങ്കിലും
തന്‍ നിലാ പുഞ്ചിരിയാല്‍
പ്രശോഭിതമാക്കും
ഈ ഭൂതലത്തിന്
എന്തൊരപൂര്‍വ ചാരുത
മിന്നിത്തിളങ്ങും
നക്ഷത്ര ഹാരത്തിലെ
ഒരു കുഞ്ഞു നക്ഷത്രമായ്‌
ആ മാറിലണഞ്ഞു
ഈ അന്ധകാരതിലലിഞ്ഞു
ചേരുവാന്‍ തുടിക്കുന്നു എന്‍ മനം

തത്വമസി

ഞാനാരെന്നറിയുമോ നിങ്ങള്‍ക്ക്????
ഇല്ല എന്നല്ലേ നിങ്ങള്‍ തന്‍ ഉത്തരം
തിരിച്ചറിയാന്‍  എന്തേ കഴിഞ്ഞില്ല????
ഞാനാണ് നിങ്ങള്‍ തന്‍ ഈശ്വരന്‍ !!!!

എന്തിനീ മത മാത്സര്യം നിങ്ങളില്‍?
എല്ലാം ഒന്നാണെന്നങ്ങു നിനയ്ക്കുക
എന്തിനെന്നെ തേടി അലയുന്നു
ഞാനെപ്പോഴും നിങ്ങളില്‍ ഉണ്ടല്ലോ !!!

എനിക്കെന്തിനു പള്ളിയും അമ്പലോം
പൂജയും, ഉത്സവവും, പെരുന്നാളും?
എവിടെ  സത്യം , ധര്‍മം , കാരുണ്യം
അവിടെയാണെന്‍  വാസമെന്നറിയുക!! !

മത ഭ്രാന്തന്മാര്‍ ചുറ്റിലും നമ്മുടെ,
വിദ്വേഷങ്ങള്‍ നിറയ്ക്കുന്നു മനമിതില്‍
തമ്മില്‍ തല്ലിച്ച് രക്തം കുടിക്കുന്നു
അതില്‍ സായൂജ്യമടയുന്നൂ അവര്‍ !!!

എന്റെ വേരുകള്‍ തേടുന്നു ചിലര്‍
എന്നെ കാണാന്‍ ശ്രമിക്കുന്നു ചിലര്‍
എന്റെ സാമീപ്യം പോലുമറിഞ്ഞില്ല
അത്രയും തിരക്കാണ് എന്നെ കണ്ടെത്താന്‍ !!!!

വലിച്ചെറിയുക അധികാരവും, അഹം എന്ന ഭാവവും
തിരിച്ചറിയുക ഞാന്‍ നിങ്ങളാണെന്നു
എന്നെ നിങ്ങളില്‍  കാണാന്‍ ശ്രമിക്കുക
അപ്പോള്‍ തെളിയും ഞാന്‍ നിങ്ങള്‍തന്‍ മനതാരില്‍!!!!

Friday, February 11, 2011

സ്നേഹദീപം

കൂട്ടുകാരെ,
തെളിക്കാം സ്നേഹദീപം
പരതാം പ്രകാശം
ഈ "സ്നേഹസാന്ത്വനത്തില്‍ !!
അകറ്റാം
സ്പര്‍ധയും, വിദ്വേഷവും,
:അഹം" എന്ന ഭാവവും. !!
ശ്രമിക്കാം
സ്നേഹിക്കാന്‍, ക്ഷമിക്കാന്‍
നല്ല കുട്ടുകാരാകാന്‍
മറ്റുള്ളവര്‍ക്ക് നല്ല
സാന്ത്വനമാകാന്‍ !!
ഒത്തുചേര്‍ന്നു തെളിക്കു
ഈ മഞ്ചിരാതുകള്‍
ഒരു നല്ല നാളെയ്ക്കായ്‌!!!!!!

"മക്കള്‍" അമ്മതന്‍ പൊന്‍ മുത്തുകള്‍ !!!

അമ്മ എന്നുള്ള സത്യം
അന്വര്തമാക്കുവാന്‍
ഈ ഭൂവിലെത്തിയ
ദൈവത്തിന്‍ കുഞ്ഞുങ്ങള്‍
ഞങള്‍ ഈ പൊന്‍ മക്കള്‍
പത്തുമാസം തന്‍
ഗര്‍ഭപാത്രത്തില്‍ ചുമന്നു,
താലോലിച്ച
അമ്മതന്‍ പൈതങ്ങള്‍.!!!

പ്രാണന്‍ പോയിടുമാ
പേറ്റുനോവില്‍
അമ്മ കിടന്നു ഉഴറുമ്പോള്‍
വെമ്പുന്നു നെഞ്ചകം
ഒന്ന് കാണാനാ
പൂമുഖം. !!!

ഒടുവിലാ ചാരത്ത്
പൂകുമ്പോള്‍ കാണാം
നിര്‍വൃതി തുളുമ്പിടും
സ്നേഹത്തിന്‍ പുഞ്ചിരി
അമ്മിഞ്ഞപ്പാല്‍
നൊട്ടി നുണയുമ്പോള്‍
പൊഴിയുന്നു മുത്തുകള്‍
സായുജ്യ കണ്ണുനീര്‍.!!!

അന്നുതൊട്ടിന്നോളം
പോറ്റിവളര്‍ത്തിയ,
തന്റെ പൊന്നമ്മയെ
മറക്കാനാകുമോ
ഞങ്ങള്‍ ഈ മക്കള്‍ക്ക്‌
ദൂരത്തിലായാലും "മക്കളേ"
എന്നുള്ള വിളി കേള്‍ക്കുമ്പോള്‍
തുള്ളുന്നു ഹൃത്തടം
വിതുമ്പുന്നു ചുണ്ടുകള്‍.!!!

എത്ര വളര്‍ന്നാലും
ഇന്നും കൊതിക്കുമാ
തന്നെ ഉറക്കിയ താരാട്ടുപാട്ടുകള്‍, ,
ചക്കര ഉമ്മകള്‍,
സ്നേഹത്തിന്‍ രുചിയുള്ള
ചോറിന്‍ കുഞ്ഞുരുളകള്‍
സങ്കടം തിങ്ങുമ്പോള്‍
മുഖം മറച്ചീടുവാന്‍
ഇപ്പോളും വേണം
ആ പൊന്‍ മടിത്തട്ട്!!!

"അമ്മേ"
സഫലമായ് ഈ ജന്മം
ഇനി എത്ര ജന്മങ്ങള്‍ എടുത്താലും
നിന്‍ മക്കളായി പിറന്നാല്‍
ധന്യരായ് ഈ "മുത്തുകള്‍ "!!!

പ്രണയമഴ

കാത്ത് നിൽപ്പൂ
ഞാനേകയായ്....
നിൻ സ്നേഹ മോലും
വിളി കേൾക്കുവാൻ....
പ്രിയനെ,സമയമായി
മാറ്റുക ഈ മൌന മറ..!

മുല്ല മലർ പോൽ
എന്നും വിരിയുന്നു
എൻ പ്രാർത്ഥനകൾ,
നിനക്കായ് നിൻ നന്മയ്ക്കായ് ...
മറുപടിയായ് കൊതിപ്പത്
നിൻ സ്നേഹം മാത്രം...!!

പ്രിയനെ
നീ ചൊരിയുക
നിറക്കുകയെന്നകതാരിലെന്നെന്നും
നിൻ പ്രണയ മഴതുള്ളികൾ ,
എൻ മനസ്സിന്നുയിരേകും
ജീവ മന്ത്രം ....സ്നേഹമന്ത്രം...!!!

വഴിവിളക്കുകള്‍ !!!!

സ്നേഹം
സ്നേഹിക്കു ഉപാധികള്‍ ഇല്ലാതെ
ശത്രു തന്‍ അഹങ്കാരം നശിപ്പിക്കും
ചോരകിനിയാത്ത മൂര്‍ച്ചയുള്ളായുധം
ഇടഞ്ഞ കൊമ്പനും, ക്രുര മൃഗങ്ങളും,
മുട്ടുകുത്തുമീ പ്രപഞ്ചസത്യത്തില്‍ !!!!

ക്ഷമ
ഏറ്റവും ആവശ്യമുള്ളത്,
പക്ഷെ ഇന്നാര്‍ക്കും
ഒട്ടുമില്ലാത്തത്
ക്ഷമിക്കാന്‍ കഴിയണം നമ്മള്‍ക്ക്
എന്നാലേ ജീവിത വിജയമുണ്ടാകൂ
ക്ഷമിച്ചു എന്നൊന്ന് ചൊല്ലിയാല്‍
കഴിഞ്ഞു സ്പര്‍ധയും , വിദ്വേഷവും !!!!!

കാരുണ്യം
വേണം എല്ലാത്തിലും
മരങ്ങളോടും, പുഴകളോടും ,
ജീവ ജാലങ്ങളോടും
സഹ ജീവികളോടും
പെണ്‍ കുഞ്ഞുങ്ങളോടും
വൃദ്ധ ജനങ്ങളോടും
ഇല്ലെങ്കില്‍
നമ്മള്‍ വെറും ജന്തുക്കള്‍
കടിച്ചു കീറി കൊന്നു തിന്നുന്നവര്‍.!!!!!

രാമനും, ഈശോയും ,നബിയും പറഞ്ഞത്,
ഗുരുവും, ഗാന്ധിയും നമ്മെ പഠിപ്പിച്ചത്,
ഇവരെല്ലാം ജയിച്ചത്‌
സ്നേഹത്തില്‍,ക്ഷമയില്‍,കാരുണ്യത്തില്‍...
പക്ഷെ, നമ്മള്‍ ഇവരാരുമല്ല
വെറും പച്ച മനുഷ്യര്‍.
എന്നാലും
നിറഞ്ഞു കവിയട്ടെ മനസ്സില്‍
ഈ നന്മകള്‍
നാളെ നമ്മള്‍ ഇല്ലെന്നാകിലും
ഈ വഴിവിളക്കിന്‍ പ്രകാശം
നയിക്കട്ടെ നമ്മുടെ
പിന്‍ഗാമികളെ.!!!!!!

ചുമട് താങ്ങികള്‍

ചുമട് താങ്ങികള്‍
ഞങ്ങള്‍ പുത്രന്മാര്‍
സ്വന്തം സുഖങ്ങള്‍,
സ്വപ്‌നങ്ങള്‍ എല്ലാം
ത്യജിച്ചു
എന്നും ചുമട് താങ്ങാന്‍
വിധിക്കപ്പെട്ടവര്‍ !!!
അമ്മതന്‍ പരിവേദനങ്ങള്‍,
അച്ഛന്റെ കടങ്ങള്‍,
സോദരിമാരുടെ കല്യാണം,
അനുജന്റെ പഠിപ്പ്‌,
അത് കഴിഞ്ഞാലോ
സ്വന്തം വിവാഹം,
ഭാര്യ, മക്കള്‍
ആ ചുമടും താങ്ങണം
ഈ തോളുകള്‍ !!!
ചുമട് തോളില്‍ ഏറ്റി
തരാന്‍ ആളേറെ
പക്ഷെ,
നിമിഷ നേരത്തേക്കെങ്കിലും
അതൊന്നു താങ്ങാന്‍
മറ്റൊരു തോളില്ല
ഈ ചുമടിന്‍ ഭാരത്തില്‍
കഴയ്ക്കുന്നു തോളുകള്‍
ഞെരുങ്ങുന്നു അസ്ഥികള്‍
കുഴയുന്നു കാലുകള്‍.!!!!
ഒടുവില്‍
ചുമടുകള്‍ താങ്ങാനാവാതെ
ചുവടുകള്‍ ഇടറി വീഴുമ്പോള്‍,
ആറടി മണ്ണ് നീട്ടി
താങ്ങുന്നു ഞങ്ങളെ
എല്ലാ ചുമടും
നിശ്ശബ്ദയായി ചുമക്കുന്ന
സര്‍വം സഹയായോരമ്മ !!!