Sunday, February 27, 2011

യാമിനി

അസ്തമാനാഗ്നിയില്‍
ചിത ഒരുങ്ങി പകലിനു
ഭൂമി മാതാവിന്‍ ശോകം
ഏറ്റു വാങ്ങുവാനായി
മന്ദം മന്ദം ചാരത്തണയുമീ
യാമിനിയെ കണ്ടുവോ നിങ്ങള്‍ ?
കറുപ്പിന് എഴഴകെന്നു
ചൊല്ലിയതിവളെ കുറിച്ചോ?
വെണ്ണിലാവിന്‍‍ വെള്ളിക്കസവ്
തുന്നിയ നനുത്ത കറുത്ത പട്ടു ചേല
അഴിഞ്ഞ കാര്‍കൂന്തലില്‍
വാരിവിതറിയ നക്ഷത്രപ്പൂക്കള്‍
പാരിജാത പൂക്കള്‍തന്‍
സ്നിഗ്ധ ഗന്ധം
നിറയും പൂവുടല്‍
തന്റെ കറുത്ത ചേലയാല്‍
അമ്മയെ വാരിപ്പുണരുമെങ്കിലും
തന്‍ നിലാ പുഞ്ചിരിയാല്‍
പ്രശോഭിതമാക്കും
ഈ ഭൂതലത്തിന്
എന്തൊരപൂര്‍വ ചാരുത
മിന്നിത്തിളങ്ങും
നക്ഷത്ര ഹാരത്തിലെ
ഒരു കുഞ്ഞു നക്ഷത്രമായ്‌
ആ മാറിലണഞ്ഞു
ഈ അന്ധകാരതിലലിഞ്ഞു
ചേരുവാന്‍ തുടിക്കുന്നു എന്‍ മനം

തത്വമസി

ഞാനാരെന്നറിയുമോ നിങ്ങള്‍ക്ക്????
ഇല്ല എന്നല്ലേ നിങ്ങള്‍ തന്‍ ഉത്തരം
തിരിച്ചറിയാന്‍  എന്തേ കഴിഞ്ഞില്ല????
ഞാനാണ് നിങ്ങള്‍ തന്‍ ഈശ്വരന്‍ !!!!

എന്തിനീ മത മാത്സര്യം നിങ്ങളില്‍?
എല്ലാം ഒന്നാണെന്നങ്ങു നിനയ്ക്കുക
എന്തിനെന്നെ തേടി അലയുന്നു
ഞാനെപ്പോഴും നിങ്ങളില്‍ ഉണ്ടല്ലോ !!!

എനിക്കെന്തിനു പള്ളിയും അമ്പലോം
പൂജയും, ഉത്സവവും, പെരുന്നാളും?
എവിടെ  സത്യം , ധര്‍മം , കാരുണ്യം
അവിടെയാണെന്‍  വാസമെന്നറിയുക!! !

മത ഭ്രാന്തന്മാര്‍ ചുറ്റിലും നമ്മുടെ,
വിദ്വേഷങ്ങള്‍ നിറയ്ക്കുന്നു മനമിതില്‍
തമ്മില്‍ തല്ലിച്ച് രക്തം കുടിക്കുന്നു
അതില്‍ സായൂജ്യമടയുന്നൂ അവര്‍ !!!

എന്റെ വേരുകള്‍ തേടുന്നു ചിലര്‍
എന്നെ കാണാന്‍ ശ്രമിക്കുന്നു ചിലര്‍
എന്റെ സാമീപ്യം പോലുമറിഞ്ഞില്ല
അത്രയും തിരക്കാണ് എന്നെ കണ്ടെത്താന്‍ !!!!

വലിച്ചെറിയുക അധികാരവും, അഹം എന്ന ഭാവവും
തിരിച്ചറിയുക ഞാന്‍ നിങ്ങളാണെന്നു
എന്നെ നിങ്ങളില്‍  കാണാന്‍ ശ്രമിക്കുക
അപ്പോള്‍ തെളിയും ഞാന്‍ നിങ്ങള്‍തന്‍ മനതാരില്‍!!!!

Friday, February 11, 2011

സ്നേഹദീപം

കൂട്ടുകാരെ,
തെളിക്കാം സ്നേഹദീപം
പരതാം പ്രകാശം
ഈ "സ്നേഹസാന്ത്വനത്തില്‍ !!
അകറ്റാം
സ്പര്‍ധയും, വിദ്വേഷവും,
:അഹം" എന്ന ഭാവവും. !!
ശ്രമിക്കാം
സ്നേഹിക്കാന്‍, ക്ഷമിക്കാന്‍
നല്ല കുട്ടുകാരാകാന്‍
മറ്റുള്ളവര്‍ക്ക് നല്ല
സാന്ത്വനമാകാന്‍ !!
ഒത്തുചേര്‍ന്നു തെളിക്കു
ഈ മഞ്ചിരാതുകള്‍
ഒരു നല്ല നാളെയ്ക്കായ്‌!!!!!!

"മക്കള്‍" അമ്മതന്‍ പൊന്‍ മുത്തുകള്‍ !!!

അമ്മ എന്നുള്ള സത്യം
അന്വര്തമാക്കുവാന്‍
ഈ ഭൂവിലെത്തിയ
ദൈവത്തിന്‍ കുഞ്ഞുങ്ങള്‍
ഞങള്‍ ഈ പൊന്‍ മക്കള്‍
പത്തുമാസം തന്‍
ഗര്‍ഭപാത്രത്തില്‍ ചുമന്നു,
താലോലിച്ച
അമ്മതന്‍ പൈതങ്ങള്‍.!!!

പ്രാണന്‍ പോയിടുമാ
പേറ്റുനോവില്‍
അമ്മ കിടന്നു ഉഴറുമ്പോള്‍
വെമ്പുന്നു നെഞ്ചകം
ഒന്ന് കാണാനാ
പൂമുഖം. !!!

ഒടുവിലാ ചാരത്ത്
പൂകുമ്പോള്‍ കാണാം
നിര്‍വൃതി തുളുമ്പിടും
സ്നേഹത്തിന്‍ പുഞ്ചിരി
അമ്മിഞ്ഞപ്പാല്‍
നൊട്ടി നുണയുമ്പോള്‍
പൊഴിയുന്നു മുത്തുകള്‍
സായുജ്യ കണ്ണുനീര്‍.!!!

അന്നുതൊട്ടിന്നോളം
പോറ്റിവളര്‍ത്തിയ,
തന്റെ പൊന്നമ്മയെ
മറക്കാനാകുമോ
ഞങ്ങള്‍ ഈ മക്കള്‍ക്ക്‌
ദൂരത്തിലായാലും "മക്കളേ"
എന്നുള്ള വിളി കേള്‍ക്കുമ്പോള്‍
തുള്ളുന്നു ഹൃത്തടം
വിതുമ്പുന്നു ചുണ്ടുകള്‍.!!!

എത്ര വളര്‍ന്നാലും
ഇന്നും കൊതിക്കുമാ
തന്നെ ഉറക്കിയ താരാട്ടുപാട്ടുകള്‍, ,
ചക്കര ഉമ്മകള്‍,
സ്നേഹത്തിന്‍ രുചിയുള്ള
ചോറിന്‍ കുഞ്ഞുരുളകള്‍
സങ്കടം തിങ്ങുമ്പോള്‍
മുഖം മറച്ചീടുവാന്‍
ഇപ്പോളും വേണം
ആ പൊന്‍ മടിത്തട്ട്!!!

"അമ്മേ"
സഫലമായ് ഈ ജന്മം
ഇനി എത്ര ജന്മങ്ങള്‍ എടുത്താലും
നിന്‍ മക്കളായി പിറന്നാല്‍
ധന്യരായ് ഈ "മുത്തുകള്‍ "!!!

പ്രണയമഴ

കാത്ത് നിൽപ്പൂ
ഞാനേകയായ്....
നിൻ സ്നേഹ മോലും
വിളി കേൾക്കുവാൻ....
പ്രിയനെ,സമയമായി
മാറ്റുക ഈ മൌന മറ..!

മുല്ല മലർ പോൽ
എന്നും വിരിയുന്നു
എൻ പ്രാർത്ഥനകൾ,
നിനക്കായ് നിൻ നന്മയ്ക്കായ് ...
മറുപടിയായ് കൊതിപ്പത്
നിൻ സ്നേഹം മാത്രം...!!

പ്രിയനെ
നീ ചൊരിയുക
നിറക്കുകയെന്നകതാരിലെന്നെന്നും
നിൻ പ്രണയ മഴതുള്ളികൾ ,
എൻ മനസ്സിന്നുയിരേകും
ജീവ മന്ത്രം ....സ്നേഹമന്ത്രം...!!!

വഴിവിളക്കുകള്‍ !!!!

സ്നേഹം
സ്നേഹിക്കു ഉപാധികള്‍ ഇല്ലാതെ
ശത്രു തന്‍ അഹങ്കാരം നശിപ്പിക്കും
ചോരകിനിയാത്ത മൂര്‍ച്ചയുള്ളായുധം
ഇടഞ്ഞ കൊമ്പനും, ക്രുര മൃഗങ്ങളും,
മുട്ടുകുത്തുമീ പ്രപഞ്ചസത്യത്തില്‍ !!!!

ക്ഷമ
ഏറ്റവും ആവശ്യമുള്ളത്,
പക്ഷെ ഇന്നാര്‍ക്കും
ഒട്ടുമില്ലാത്തത്
ക്ഷമിക്കാന്‍ കഴിയണം നമ്മള്‍ക്ക്
എന്നാലേ ജീവിത വിജയമുണ്ടാകൂ
ക്ഷമിച്ചു എന്നൊന്ന് ചൊല്ലിയാല്‍
കഴിഞ്ഞു സ്പര്‍ധയും , വിദ്വേഷവും !!!!!

കാരുണ്യം
വേണം എല്ലാത്തിലും
മരങ്ങളോടും, പുഴകളോടും ,
ജീവ ജാലങ്ങളോടും
സഹ ജീവികളോടും
പെണ്‍ കുഞ്ഞുങ്ങളോടും
വൃദ്ധ ജനങ്ങളോടും
ഇല്ലെങ്കില്‍
നമ്മള്‍ വെറും ജന്തുക്കള്‍
കടിച്ചു കീറി കൊന്നു തിന്നുന്നവര്‍.!!!!!

രാമനും, ഈശോയും ,നബിയും പറഞ്ഞത്,
ഗുരുവും, ഗാന്ധിയും നമ്മെ പഠിപ്പിച്ചത്,
ഇവരെല്ലാം ജയിച്ചത്‌
സ്നേഹത്തില്‍,ക്ഷമയില്‍,കാരുണ്യത്തില്‍...
പക്ഷെ, നമ്മള്‍ ഇവരാരുമല്ല
വെറും പച്ച മനുഷ്യര്‍.
എന്നാലും
നിറഞ്ഞു കവിയട്ടെ മനസ്സില്‍
ഈ നന്മകള്‍
നാളെ നമ്മള്‍ ഇല്ലെന്നാകിലും
ഈ വഴിവിളക്കിന്‍ പ്രകാശം
നയിക്കട്ടെ നമ്മുടെ
പിന്‍ഗാമികളെ.!!!!!!

ചുമട് താങ്ങികള്‍

ചുമട് താങ്ങികള്‍
ഞങ്ങള്‍ പുത്രന്മാര്‍
സ്വന്തം സുഖങ്ങള്‍,
സ്വപ്‌നങ്ങള്‍ എല്ലാം
ത്യജിച്ചു
എന്നും ചുമട് താങ്ങാന്‍
വിധിക്കപ്പെട്ടവര്‍ !!!
അമ്മതന്‍ പരിവേദനങ്ങള്‍,
അച്ഛന്റെ കടങ്ങള്‍,
സോദരിമാരുടെ കല്യാണം,
അനുജന്റെ പഠിപ്പ്‌,
അത് കഴിഞ്ഞാലോ
സ്വന്തം വിവാഹം,
ഭാര്യ, മക്കള്‍
ആ ചുമടും താങ്ങണം
ഈ തോളുകള്‍ !!!
ചുമട് തോളില്‍ ഏറ്റി
തരാന്‍ ആളേറെ
പക്ഷെ,
നിമിഷ നേരത്തേക്കെങ്കിലും
അതൊന്നു താങ്ങാന്‍
മറ്റൊരു തോളില്ല
ഈ ചുമടിന്‍ ഭാരത്തില്‍
കഴയ്ക്കുന്നു തോളുകള്‍
ഞെരുങ്ങുന്നു അസ്ഥികള്‍
കുഴയുന്നു കാലുകള്‍.!!!!
ഒടുവില്‍
ചുമടുകള്‍ താങ്ങാനാവാതെ
ചുവടുകള്‍ ഇടറി വീഴുമ്പോള്‍,
ആറടി മണ്ണ് നീട്ടി
താങ്ങുന്നു ഞങ്ങളെ
എല്ലാ ചുമടും
നിശ്ശബ്ദയായി ചുമക്കുന്ന
സര്‍വം സഹയായോരമ്മ !!!

അയിത്തം

കേരളം ഒരു ഭ്രാന്താലയം
എന്ന് ചൊല്ലി സ്വാമിജി
അതെത്രയോ വാസ്തവം
ഇന്നും നമുക്ക് ഭ്രാന്താണ്
ഒരിക്കലും തീരാത്ത
അയിത്ത ഭ്രാന്തു !!!

ഈ ഐ ടി യുഗത്തിലും
അയിത്തം വിധവകള്‍ക്കു
താങ്ങും, തണലും , സ്നേഹവും
പെട്ടെന്ന് കൈവിട്ടുപോകുമ്പോള്‍
തീരാദുഖതിന്‍ ആഴക്കടലില്‍
കര കാനാതുഴരും
പാവം അബലകള്‍.!!!

കുംകുമമില്ല, പൂവില്ല,താലിയുമില്ല,
മംഗള കര്‍മങ്ങലോന്നിലും
സ്ഥാനവുമില്ല
നെഞ്ചില്‍ തീക്കടലുംപേരി
മിഴിതോര കണ്ണീരിലും
ചിരിക്കാനായ്‌ വിധിക്കപ്പെട്ടവര്‍.!!!

ദൈവത്തിന്റെ മുന്നിലും
അവര്‍ക്ക് ഭ്രഷ്ടോ?
അവര്‍ തൊട്ടാല്‍ ആശുദ്ധമാകുമോ
പൂജാ കര്‍മങ്ങള്‍?
പിന്നെയീ ദൈവങ്ങള്‍
എന്തിനാ നമ്മുക്ക്,
വൈധവ്യം എന്നതാരുടെ കുറ്റം ????

നൂറു ശതമാനം സാക്ഷരത
എന്ന് അഹമ്മതിക്കുംപോഴും
പാശ്ചാത്യ സംസ്കാരം
ഉള്‍ക്കൊള്ളുംപോഴും
മാറ്റുവിന്‍ ചട്ടങ്ങളേ
എന്ന് മുറവിളി കൂട്ടുമ്പോഴും
നമുക്ക് അയിത്ത ഭ്രാന്തോ???????

സ്വപ്‌നങ്ങള്‍ !!!

കാണാം നമുക്ക് സ്വപ്‌നങ്ങള്‍
സഫലം ആകില്ലെന്നരികിലും
കുഞ്ഞിനു കളിപ്പാട്ടം  എന്നപോലെ
കാണാന്‍  എന്തോരം സ്വപ്നങ്ങള്‍
പല  വര്‍ണങ്ങളില്‍
ചിറകുകള്‍ വിരിച്ചുല്ലസിച്ചു
പറക്കാന്‍ എന്ത് രസം!!!!
 
ഒരു നല്ല ജോലി,
ഒരു കുഞ്ഞു വീട്
ഒരു നല്ല പങ്കാളി
ഒരുമിച്ചൊരു ജീവിതം
പിന്നൊരു വാവ
അതിന്റെ ഭാവി
കണ്ടാലും കണ്ടാലും
മതിവരാത്ത വലിയ സ്വപ്‌നങ്ങള്‍.!!!!
 
ഒരിറ്റു വെള്ളം,
ഇത്തിരി ഭക്ഷണം,
ഒരു തുണ്ട് തുണി,
കിടക്കാനൊരിടം
ഇതും സ്വപ്‌നങ്ങള്‍ തന്നെ
കുഞ്ഞു,  വലിയ സ്വപ്‌നങ്ങള്‍.!!!
 
പക്ഷെ പലര്‍ക്കും
വിധിയോരുക്കും വീഥിയില്‍
വിഫല സ്വപ്നങ്ങളുമായ്‌
പകച്ചു നില്‍ക്കാന്‍ നിയോഗം.
ഒടുവില്‍
മരണമെന്ന സത്യത്തിന്‍
ചിരകുകളിലെരി  യാത്രയാകുമ്പോള്‍
അറിയുന്നു ഇതുമാത്രം
സ്വപ്നമല്ലെന്ന്. !!!!

ഞാന്‍ പ്രവാസി

ഞാന്‍ പ്രവാസി
ത്രിശങ്കു സ്വര്‍ഗത്തിന്‍
അധിപതി
നഷ്ട സ്വര്‍ഗത്തില്‍
വസിക്കാന്‍ വിധി
ചോര നീരാക്കി
കഷ്ടപ്പെടുന്നവന്‍
കുബ്ബൂസ് തിന്നു
വിശപ്പടക്കുന്നവന്‍
മേലാളര്‍ തന്‍
നിന്ദാ പാത്രം
കത്തി ജ്വലിക്കും
സൂര്യ താപത്തിലും
അസ്ഥി ഉറയും
തണുപ്പിലും തളരാതെ
ഉള്ളില്‍ സ്നേഹം
കാത്തു സൂക്ഷിക്കുന്നവന്‍
അറുതിയില്ലാത്ത ആവശ്യങ്ങള്‍
നിറവേറ്റി, തനിക്കായ്
ഒന്നും മാറ്റി വയ്ക്കാത്തവന്‍
തന്റെ ദുഃഖങ്ങള്‍
പങ്കുവയ്ക്കത്തവന്‍
എപ്പോഴും എനിക്കിവിടെ
സുഖം എന്ന് മാത്രം
മൊഴിയുന്നവന്‍

ഒടുവില്‍ നീണ്ട
കാത്തിരിപ്പിന് ശേഷം
നാട്ടിലെതുംപോഴോ
തന്റെ ചോരതന്‍ വില
മറ്റുള്ളവര്‍ക്ക് പങ്കുവച്ചു
കൈമലര്‍ത്തി കാട്ടുന്നു
താന്‍ വിശ്വസിച്ച
തന്റെ പെറ്റമ്മ.

ജീവനെക്കാളേറെ സ്നേഹിച്ച
ഭാര്യയോ മറ്റാര്‍ക്കോ സ്വന്തം
മക്കളോ തികച്ചും അന്യര്‍.
ബന്ധുക്കളും നാട്ടുകാരുമോ
എന്നാ ഇനി പോകുന്നെ?
ഇനി തിരിച്ചു പോണില്ലേ ??
എന്നാലും നിന്റെ ഒരു വിധിയെ!
കണ്ടുമുട്ടുമ്പോഴെല്ലാം
മുറിവില്‍ കുത്തി
ആശ്വസിക്കുന്നവര്‍.
തന്റെ മുഖം ഒളിക്കാന്‍
ഒരിടം കാണാതെ
അവസാനം,
വെറും കൈയോടെ
സ്വപ്നങ്ങളില്ലാതെ
ആഗ്രഹങ്ങളില്ലാതെ
ശൂന്യമാം
ഹൃദയത്തോടെ
നിന്ദ സ്പുരിക്കും ചിരിയോടെ
വീണ്ടും ഉപവിഷ്ടനാകുന്നു
താനുപേക്ഷിച്ച
തന്റെ നഷ്ടസ്വര്‍ഗത്തിന്‍
സിംഹാസനത്തില്‍ !!!!!!

അറിയുമോ ഈ സങ്കടം?...

ഞങ്ങള്‍ പൂവുകള്‍
നിറങ്ങള്‍ വാരി വിതറി
വര്ണ ശബളമാക്കുമീ
ഭൂതലമാകെ
വെള്ളയും , ചോപ്പും
മഞ്ഞയും , നീലയും, റോസും
എന്തോരം തരത്തില്‍
നാനാ വര്‍ണങ്ങളില്‍
നൂറു  സൌരഭ്യത്തില്‍
മുള്ളിലും, ചെളിയിലും,
ചന്തത്തില്‍ അങ്ങനെ
വിളങ്ങി നിന്നിടുന്നു
കാട്ടിലും , മേട്ടിലും, വീട്ടിലും
ആടി തിമിര്‍ത്തു ഉല്ലസിച്ചൂ
കണ്ണിനു ആനന്ദം  പകരുന്നു.
അല്പായുസ് എന്നറികിലും
പകരുന്നു സൌരഭ്യം
ഈ പാരിലെങ്ങും
എന്നിട്ടും
ഭംഗി ആസ്വദിച്ചു
സൌരഭ്യം  നുകര്‍ന്ന്
വലിച്ചെറിയപ്പെടുന്നു ഞങ്ങള്‍
മൊട്ടായിരിക്കുമ്പോഴേ
കശക്കി എറിയുന്നു ചിലര്‍
കാല്‍കീഴില്‍ ചവിട്ടിമെതിക്കുന്നു ചിലര്‍
കാട്ടു പൂക്കളെ പോലും വിറ്റു
കാശാക്കുന്നു ചിലര്‍.
എന്താണ് ഞങ്ങള്‍തന്‍ അപരാധം?
നയനാനന്ദ പ്രദം ആയതോ ??
നറുമണം പകര്ന്നതോ??
അറിയുക ഞങ്ങള്‍തന്‍ സങ്കടം
ചൊല്ലുക നിങ്ങള്‍
എന്താണ് ഞങ്ങള്‍ക്കീ വിധി?????

പാഠം

മദ്യം വിഷമാണെന്ന്
പഠിപ്പിച്ചു ക്ലാസ്സില്‍
ഗുരുനാഥന്‍
നാനാ ദോഷങ്ങളെ പറ്റി
വാചാലനായി
കുട്ടികള്‍ ഗുരുവുന്റെ
വാക്കുകള്‍ ഏറ്റുചൊല്ലി.
പക്ഷെ
രാവിന്‍ മറവില്‍
ആ വിഷത്തില്‍ മുങ്ങി
ഒരു പാമ്പായി
കിടക്കുന്ന
ഗുരുവിനെ കണ്ടു
കുട്ടി ചിന്തയിലാണ്ടു
ഞാന്‍ പിന്തുടരേണ്ടത്
ഏതു പാഠം ???
ഗുരു വാക്കാല്‍
പഠിപ്പിച്ചതോ??
അതോ
പ്രവൃത്തിയിലൂടെ
കാട്ടിയതോ ???

ഉള്‍കാഴ്ച

ഞാന്‍ അന്ധയല്ല
പിന്നെ എന്തിനീ
കറുത്ത കണ്ണട എന്നല്ലേ ?
പറയാം
എന്റെ കണ്ണിനൊരു
മറവായി
ചില കാഴ്ചകള്‍
കാണാതിരിക്കാന്‍
എന്നിട്ടും
ഞാനറിയുന്നു
കണ്ണാടിക്കു കണ്ണുകളെ
മറയ്ക്കാനെ കഴിയൂ
കാഴ്ചകളെ
മറയ്ക്കാന്‍ ആവില്ലെന്ന്
കാഴ്ചകളില്‍ പലതും
കണ്ണുനീര്‍ നിറയ്ക്കുന്നു
കാണാതിരിക്കാന്‍
കഴിയുന്നുമില്ല
ഇപ്പോള്‍
എനിക്ക് മനസ്സിലായി
ഇതൊരു പാഴ്ശ്രെമം
അതുകൊണ്ടീ കണ്ണട
മാറ്റി വയ്ക്കുന്നു ഞാന്‍
കാഴ്ചകള്‍ നേരില്‍
തെളിവായ്‌ കാണാന്‍ !!!!

മുഖംമൂടികള്

ഇന്ന് നമുക്ക് ചുറ്റും
മുഖംമൂടികള്‍ മാത്രം
സ്നേഹത്തിന്‍ , കാരുണ്യത്തിന്‍
അധികാരത്തിന്‍  മുഖംമൂടികള്‍
അതൊന്നു മാറ്റി നോക്കിയാല്‍ കാണാം
ചോര ഇറ്റുവീഴും വാളുമായ്
ഉറഞ്ഞുതുള്ളും വെളിച്ചപ്പാടുകളെ ,
മാംസതുണ്ടിനായ് കടിപിടികൂട്ടും
വേട്ടപ്പട്ടികളെ ,
പത്തി  വിടര്‍ത്തിയാടും 
വിഷപ്പാമ്പുകളെ,
തന്‍റെ രക്തത്തെപോലും
തിരിച്ചറിയാത്ത  ജന്മധാതാക്കളെ,
ഇവര്‍ ഹിംസ്ര ജന്തുക്കളെ
പോലും ലജ്ജിപ്പിക്കുന്ന
മനുഷ്യ ജന്മങ്ങള്‍
നികൃഷ്ട ജന്മങ്ങള്‍
ചെന്നായ്ക്കള്‍ പോലും
വേട്ടയാടുന്നത്
തന്‍റെ വിശപ്പടക്കാന്‍ മാത്രം
പക്ഷെ ഇവരോ ????
ഈ മുഖംമൂടികള്‍
ചീന്തിയെറിയാന്‍ വരുമോ
ഇനിയും ഒരു അവതാരപുരുഷന്‍ ????

ഒരു ബാക്കിപത്രം !!!

നാളെ  
ഞാനും  മറയും  
ഈ  കാല  യവനികക്കുള്ളില്‍
 
എനിക്കായ്  
ചിതയോരുങ്ങും
എന്റെ  സ്വപനങ്ങള്‍   
ആഗ്രഹങ്ങള്‍  എല്ലാം
അതില്‍ എരിഞ്ഞടങ്ങും
 
ചിലപ്പോള്‍
നിങ്ങളിലാരെങ്കിലും  കാണും  
അവിടെ
എനിക്കായ്  രണ്ടിറ്റു
കണ്ണീര്‍  പൊഴിക്കാന്‍
 
ഞാന്‍  പോകിലും  
ഒന്നുമാത്രം  ബാക്കിയാകും  
എന്റെ  ഓര്‍മ്മകള്‍
 
ഒരപേക്ഷ  
അതുമാത്രം
കത്തിച്ചു  ചാമ്പലാക്കരുതേ
 
കാരണം
അത്  ഞാന്‍ നിങ്ങള്‍ക്കായ്
മാത്രം  നീക്കിവച്ച  
എന്‍  സ്നേഹത്തിന്‍  ബാക്കിപത്രം  !!!! 

അടിമകള്‍ !!!

എന്നും
നമ്മള്‍ അടിമകള്‍ 
അധികാര വര്‍ഗ്ഗത്തിന്‍
കൂച്ച് വിലങ്ങിനാല്‍
ബന്ധിക്കപ്പെട്ടവര്‍
.
അന്ന്
നമ്മള്‍ക്കൊരു ശത്രു
എതിരിടാന്‍ ആയിരങ്ങള്‍
ലക്ഷങ്ങള്‍
അവരുടെ ബലിദാനം
നമ്മുടെ  ഈ സ്വാതന്ത്ര്യം 

ഗാന്ധിജി
അഹിംസയിലൂടെ,
സത്യാഗ്രഹത്തിലൂടെ,
സ്വ ത്യാഗത്തിലൂടെ,
നേടിയെടുത്തത്,

പക്ഷെ
ഇന്നും നമ്മള്‍
അടിമകള്‍
അധികാരവര്ഗ്ഗതിന്‍.
ബലിദാനങ്ങള്‍ 
ത്യാഗങ്ങള്‍,
ജാലിയന്‍ വാലബാഗുകള്‍,
എല്ലാം തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു

പക്ഷെ
ഒരു ഗാന്ധിജിയില്ല
നമ്മുക്ക് ഇനിയും സ്വാതന്ത്ര്യം
നേടിത്തരാന്‍
കാരണം
ശത്രുക്കള്‍ അനേകം 
ആരോടൊക്കെ നമ്മള്‍
പടവെട്ടും????


ശത്രു മറ്റാരുമല്ല
നമ്മള്‍ തന്നെ
ആണെന്നറിയുക
പിന്നെങ്ങിനെ
നമ്മള്‍ സ്വതന്ത്രര്‍  ആകും??
അതുകൊണ്ടെന്നും
നമ്മള്‍ക്ക് അടിമകളായ്
തുടരാം  അല്ലേ???

മാലാഖ ...

ശുഭ്ര വസ്ത്രത്തിന്‍
പൊന്‍ പ്രഭയാല്‍
തിളങ്ങും പൂവുടലും
നറുപുഞ്ചിരി ഉതിരും  
പവിഴാധരങ്ങളും 
കൂമ്പിയ നീള്‍ മിഴികളും
അരുണാഭമാം  കവിളിണകളും 
ഇളകിയാടും നീണ്ട
കാര്‍കൂന്തലും
ഇവളാരെന്നല്ലേ?...
തൂമന്ദഹാസം തൂകി
എന്നരികിലെത്തും  
ഇവളെന്‍  മാലാഖ
ഞാന്‍ കാണും 
ഓരോ മുഖത്തിലും
തേടുന്നു ഞാനീ 
മാലാഖയെ 
എന്‍ പ്രിയ മക്കള്‍ക്കായ്
എന്‍ മരുമകളായ്   !!!!

മനസ്സ് ..

സത്യവും, മിഥ്യയും
തെറ്റും ശരിയും
ധര്‍മവും അധര്‍മ്മവും
തമ്മില്‍ അടരാടും
പോര്‍ക്കളം
വാഗ്വാദങ്ങളാല്‍
പോര്‍ വിളികളാല്‍
എപ്പോഴും മുഖരിതം
നമ്മുടെ
ആദര്‍ശങ്ങള്‍,
സംസ്കാരങ്ങള്‍,
സ്നേഹത്തിന്‍
കെട്ടുറപ്പുകള്‍
വിശ്വാസങ്ങള്‍
എല്ലാം ഇവിടെ
വെട്ടി നുറുക്കപ്പെടുന്നു
മുറിവുകള്‍
രക്ത ചൊരിച്ചിലുകള്‍
ഏറെ ഉണ്ടാകും
സഹിക്കാനാവാത്ത
വേദനയാല്‍
നിലവിളികള്‍
ഉയര്‍ന്നു കൊണ്ടേയിരിക്കും
എന്നിട്ടും പലപ്പോഴും
സ്വാര്‍ത്ഥ താല്പര്യങ്ങള്‍തന്‍
ചതിക്കുഴിയില്‍ നമ്മള്‍
കൊന്നൊടുക്കുന്നു സത്യത്തെ
കുരുക്ഷേത്രത്തില്‍
കര്‍ണനെ എന്നപോല്‍
അവസാനം
വിജയ കാഹളത്തോടെ
എതിരേല്‍ക്കുന്നു
അധര്‍മ്മത്തെ
നമ്മുടെ സര്‍വനാശത്തിന്‍
കാരകനായ്!!!!

നുറുങ്ങുകള്

ചിരി

ഒരു സാന്ത്വനം
എന്നോ ചിരി
മാഞ്ഞുപോയ
ജീവിതങ്ങള്‍ക്ക്,
എന്നാല്‍
അറപ്പുളവാക്കും 
ചിരി ചിരിക്കാതിരിക്കുക

സങ്കടം
സമ്മാനിക്കാന്‍
കൊള്ളാത്തത്,
തന്‍ മനം
വിങ്ങിയാലും
അറിയുക
മറ്റുള്ളവര്‍ തന്‍
സങ്കടം.

കണ്ണുനീര്‍

പെയ്തൊഴിയാന്‍
വെമ്പുന്ന
കാര്‍മേഘ 
കൂട്ടങ്ങള്‍
അതിനു അണ
കെട്ടാതിരിക്കുക
ഒഴുകട്ടെ നിര്‍വിഘ്നം

സന്തോഷം
ഏതിലും, എവിടേയും
കണ്ടെത്തുക
തേടി നടക്കരുത്
അത് നമുക്കുള്ളില്‍ തന്നെ
ആണെന്നറിയുക.

സൗഹൃദം
താങ്ങായ്
തണലായ്‌
സാന്ത്വനമായ്
ലാഭേച്ചയില്ലാത്ത
സ്നേഹത്തിന്‍
തൂവല്‍ സ്പര്‍ശം.

സുഹൃത്ത്‌ 

തന്‍ ദുഃഖങ്ങള്‍ മറന്നു
നമ്മെ ചിരിപ്പിക്കുന്നവന്‍
ഉത്തമ സുഹൃത്ത്‌
പക്ഷെ
അവന്റെ നീര്‍ തുളുമ്പും
ചിരിയിലെ സങ്കടം
കാണുക നമ്മള്‍
അറിയുക ഈ
സൌഹൃദത്തിന്‍ 
തീവ്രത

മിന്നാമിനുങ്ങ് !!!

കൂരിരുട്ടില്‍ ഒരിത്തിരി
വെട്ടം പകര്‍ന്നു
വെളിച്ചത്തിന്‍
വഴികാട്ടുമീ ഞാന്‍
ഒരു കുഞ്ഞു
മിന്നാമിനുങ്ങു
ക്ഷണികമീ ജീവിതം
എന്നറികിലും ഒരു
വഴിവിളക്കായ്‌ എന്‍
പ്രകാശം ചൊരിഞ്ഞിടുന്നു
ഒരു രാത്രി എങ്കില്‍ ഒരു രാത്രി
എന്റെ ഈ പ്രകാശം
തിരിച്ചറിഞ്ഞാല്‍ മതി
സഫലമീ ജന്മം. !!!!

അമ്മക്കിളിക്കൂട് !!!!

ഞാന്‍
ഒരമ്മക്കിളി
മഴയോടും
പൂക്കളോടും
മക്കളോടും
ഒരുപാടിഷ്ടമുല്ലോരമ്മ !!!

സ്നേഹം മാത്രം
കൈമുതല്‍ 
അതുപാധികളില്ലാതെ   
വീതിക്കനിഷ്ടം
കുട്ടികളാനെന്റെ കൂട്ടുകാര്‍
അവരുടെ പാല്‍പുഞ്ചിരി
എനിക്കെന്നും പുത്തനുണര്‍വു!!!!

ഈ അമ്മക്കിളികൂട്ടിലേക്ക്
ചേക്കേറാന്‍ വരുന്നോ??
നമ്മള്‍ക്ക് ചിരിക്കാം, കരയാം
വഴക്കുണ്ടാക്കാം
താങ്ങായ്, തണലായ്‌
ഒരു സാന്ത്വനമായ്
ഒന്നിച്ചു നില്‍ക്കാം
സ്നേഹ വിഹായസ്സില്‍
പാരിപ്പരന്നുല്ലസിക്കാം
നിങ്ങള്‍ക്കായ് തരാന്‍
മറ്റൊന്നുമില്ലമ്മയ്ക്ക്
സ്നേഹം, സ്നേഹം, സ്നേഹം മാത്രം!!!!